2012 ജൂൺ 23, ശനിയാഴ്‌ച

വിദ്യാഭ്യാസം

ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിര്‍ത്തിയിലെ വേമ്പനാട്ടുകായലും കിഴക്കന്‍ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പല്‍ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ പിന്നോക്ക വിഭാഗത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളര്‍ന്ന ശ്രീ കെ ആര്‍ നാരായണന്‍,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണന്‍,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവന്‍ തുടിക്കുന്ന വാഗ്മയ ചിത്രങ്ങള്‍ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീര്‍ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സര്‍വ്വശ്രീ മുട്ടത്തുവര്‍ക്കി, ചെമ്പില്‍ ജോണ്‍, കവി പാലാ നാരായണന്‍നായര്‍,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാന്‍,ശ്രീ.മന്നത്തു പത്മനാഭന്‍,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥന്‍മാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം. പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ക്കു തന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെ മുന്‍നിരയില്‍ ജില്ല സ്ഥാനം പിടിച്ചിരുന്നു.അക്കാലത്താണ് മിഷനറീസ് ഓഫ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി കോട്ടയത്ത് ആദ്യത്തെ സ്ക്കൂളായ സി.എം.എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. ബേക്കര്‍മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്ക്കൂളാണ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്ക്കൂള്‍. സര്‍ക്കാര്‍,എയ്ഡഡ് അണ്‍എയ്ഡഡ് മേഖലകളില്‍ നാലു വിദ്യാഭ്യാസ ജില്ലകകളിലായി 258 ഹൈസ്ക്കൂളുകളാണ് ജില്ലയിലുള്ളത്. 2003-04 അദ്ധ്യയന വര്‍ഷം മുതല്‍ വദ്യാഭ്യാസ വകുപ്പ് വിവര സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിക്കൊണ്ട് സെക്കന്ററി തലത്തില്‍ കരിക്കുലം കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. ഐ.ടി പഠനത്തിനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന് ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണം ജില്ലയില്‍ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയ്ക്ക് ഐ.ടി പ്രായോഗിക പരീക്ഷ വിജയകരമായി നടത്തുന്നതിനും ജില്ലയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഐ.ടി പഠനത്തില്‍ നിന്നും ഐ.ടി അധിഷ്ഠിത പഠനത്തിലേയ്ക്കുള്ള മാറ്റമാണ് നമ്മുടെ ലക്ഷ്യം.



കോട്ടയം മുനിസിപ്പൽ പാർക്കിന്റെ പ്രവേശന കവാടം


കോട്ടയം കലക്ടറേറ്റ് വളപ്പിൽ നിർമ്മിച്ചിട്ടുള്ള യുദ്ധ സ്മാരകം.


2012 ജൂൺ 22, വെള്ളിയാഴ്‌ച

കലക്ട്രേറ്റ്‌


രണ്ട്‌ വാക്ക്

മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനനഗരവും ആണ്‌ കോട്ടയം.നഗരത്തിന്റെ കേന്ദ്ര ബിന്ദു തിരുനക്കര .കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപ്പിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനം കോട്ടയമാണ്. കോട്ടയം നഗരസഭ 1924 സ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണുള്ളത്. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.

മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു.സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.


കുറച്ച് ചരിത്രം


പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ. 1949 ജൂലൈ മാസത്തിലാണ്‌ കോട്ടയം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്‌. കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.