മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ് കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനനഗരവും ആണ് കോട്ടയം.നഗരത്തിന്റെ കേന്ദ്ര ബിന്ദു തിരുനക്കര .കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപ്പിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനം കോട്ടയമാണ്. കോട്ടയം നഗരസഭ 1924 സ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണുള്ളത്. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.
മൂന്ന് 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ് കോട്ടയം. ലാൻഡ് ഓഫ് ലെറ്റേഴ്‌സ്, ലാറ്റക്‌സ്, ലേക്‌സ് (Land of letters, latex and lakes)എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു.സാക്ഷരതയിൽ മുൻപന്തിയിലാണ് ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
കുറച്ച് ചരിത്രം
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ. 1949 ജൂലൈ മാസത്തിലാണ് കോട്ടയം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്. കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക് കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നാണ്. അയിത്താചരണത്തിന് അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ